Tuesday, 30 January 2018

അറിവ് പ്രകാശമാണ്



നൂറ്റാണ്ടുകൾക്കു മുൻപേ മനുഷ്യരുടെ അറിവ് അന്വേഷിച്ചുള്ള യാത്ര ആരംഭിച്ചിട്ടുണ്ട്, ആധുനിക കാലത്ത് റിവ് എന്നത് ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നായിരിക്കുന്നു, മനുഷ്യരുടെ എല്ലാ വിധത്തിലുള്ള ഉയർച്ചക്കും അറിവ് അത്യന്താപേക്ഷിതമാണ്. ലോകത് പല തരത്തിലുള്ള അറിവുകളും നിലനിൽക്കുന്നു, ഉപകാരമുള്ളതും ഉപകാരമില്ലാത്തതുമായ നിരവധി അറിവുകൾ, ഭൗതീകമായ ഏറ്റവും വലിയ അറിവ്നേടി എന്ന് അഹങ്കരിക്കുമ്പോളും അവരിൽ തന്നെ സാംസ്കാരികമായും, വിശ്വാസപരമായും അങ്ങേ അറ്റത്തെ ജീർണത ദർശിക്കാൻ സാധിക്കുന്നു.

അറിവ് എന്നത് ശരിയായ അർത്ഥത്തിൽ അത് സംപൂർണമായ അന്യൂനമായ അറിവാണ്, അത് ലോകത്തിന്റെ സൃഷ്ടാവ് വഹിയിലൂടെ അറിയിച്ച അറിവാണ് , ആ അറിവിന് കാലത്തിനു അനുസരിച്ചോ ദേശത്തിനു അനുസരിച്ചോ മാറ്റം ആവിശ്യമില്ല,  എല്ലാ കാലത്തേക്കും എല്ലാ സ്ഥലത്തേക്കും അനുയോജ്യമായ ഒരാൾക്കും ഒരു ന്യൂനതയും കാണിക്കാൻ പറ്റാത്ത അറിവാണത് , മനുഷ്യന് ഇരു ലോകത്തും വിജയിക്കാനാവിശ്യമായ എല്ലാ അറിവും അവനെ സൃഷ്ടിച്ചവൻ അവനു നൽകിയിട്ടുണ്ട്, അത് കണ്ടെത്താനും സ്വീകരിക്കാനുമാണ് ശ്രമിക്കേണ്ടത്.അന്ധകാരത്തിൽ ആപതിച്ചു കിടക്കുന്ന സമൂഹത്തെ  അള്ളാഹു പ്രകാശത്തിലേക്ക് നയിച്ചത് സന്മാർഗമാകുന്ന അറിവ്മുഖേനയാണ് "തന്‍റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരുകയും, നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു." (5:16) ഒരാൾ തനിക്ക് ലഭിച്ച അറിവാകുന്ന  പ്രകാശവുമായി ജനങ്ങളിക്കിടയിലൂടെ നടക്കുമ്പോൾ അവനിൽ നിന്നുള്ള പ്രകാശം നിമിത്തം മറ്റുള്ളവർക്ക് പ്രയോജനം ലഭിക്കുന്നു. 

മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ശരിയായ അറിവ് നൽകുന്ന മതത്തിൽ വിശ്വസിക്കാനും അതനുസരിച്ചു ജീവിക്കാനും കഴിയുക എന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവനു ലഭിക്കുന്ന വലിയ ഒരു അനുഗ്രഹമാണ്, കാരണം ആ അറിവ് മാത്രമേ അവന് സമൂലമായ പരിവർത്തനവും വിജയവും നൽകുന്നത്. വിശ്വാസപരമായും സാംസ്കാരികമായും അവനെ ഉയർത്തുന്നതും ആ അറിവ് മാത്രമാണ്.

ശരിയായ അറിവ് അന്വേഷണം ഒരു മുസ്ലിം  അവന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട, ഒരിക്കലും ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നായിട്ടാണ് കാണേണ്ടത്. വിശക്കുമ്പോൾ ഭക്ഷണം അന്വേഷിക്കുന്നത് പോലെ മതപരമായ അറിവ് അന്വേഷിക്കുന്നതിലും അവൻ താല്പര്യം കാണിക്കേണ്ടതുണ്ട്. , ഭൗതീക ജീവിതത്തിൽ നമുക്ക് ആവിഷ്യമായ എല്ലാ അറിവുകളും നേടിയെടുക്കാൻ കഠിന പ്രയത്നം നടത്തുമ്പോളും മതപരമായ അറിവ് കണ്ടെത്തുന്നതിനുള്ള പരിശ്രമം എവിടെയും എത്തുന്നില്ല. എന്നാൽ മതപരമായ അറിവാകട്ടെ നമുക്ക്  മരണാനന്തരം ഖബറിൽ ഉപകാരപ്പെടുന്നതും ശാശ്വത ജീവിതത്തിലെ മുതൽകൂട്ടുമാണ്. ഈ അറിവ് കരസ്ഥമാക്കുവാൻ വേണ്ടി നാം എത്ര സമയം ചിലവഴിക്കുന്നു, അതിനു വേണ്ടി നാം എത്ര യാത്ര ചെയ്യുന്നു, അത് നേടിയെടുക്കാൻ കഴിയുന്ന സ്ഥലങ്ങളിൽ എത്തിച്ചേരാൻ എത്ര താല്പര്യം കാണിക്കാറുണ്ട് എന്നുള്ള കാര്യങ്ങൾ നമ്മുടെ വിചിന്തനത്തിനു വിധേയമാക്കേണ്ടിയിരിക്കുന്നു.

നന്മ ലഭിക്കാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാം, എന്നാൽ അള്ളാഹു ഒരാളിൽ നന്മ ഉദ്ദേശിക്കുന്നുവെങ്കിൽ അവനെ അള്ളാഹു മതത്തിൽ അവഗാഹമുള്ളവനാക്കും എന്നാണ് നബി (സ) നമുക്ക് പഠിപ്പിച്ചു തരുന്നത്. ഭൗതീക സുഖസൗകര്യങ്ങളും സമ്പത്തും ലഭിച്ചവരെയാണ് നാം സാധാരയായി നന്മ ലഭിച്ചവരായി കാണാറുള്ളത്, മത വിഷയത്തിൽ അറിവുള്ളവരെയാണ് യഥാർത്ഥത്തിൽ  നന്മ ലഭിച്ചവരായി ഇവിടെ പരിചയപ്പെടുത്തുന്നത്. യഥാർത്ഥ അറിവ് എന്നത് അത് അല്ലാഹുവിനെ കുറിച്ചും അവന്റെ റസൂലിനെ കുറിച്ചും അവന്റെ സത്യ മതത്തെ തെളിവുകളോടെ അറിയുകയും ചെയ്യുക എന്നതാണ്. ശരിയായ അറിവ് ആർജിച്ചെടുക്കുകയും അത് അനുസരിച്ചു കർമങ്ങൾ ചെയ്യുകയും അത് മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുക എന്നത് മുസ്ലിമിന്റെ മേൽ ബാധ്യതയാണ്, മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്ന കാര്യങ്ങളെ കുറിച്ച് കൃത്യമായ അറിവ് ഉണ്ടായിരിക്കൽ നിർബന്ധമാണ്. മറ്റുള്ളവരിലേക്ക് എത്തിക്കുന്ന കാര്യത്തെ കുറിച്ച് കൃത്യമായ ധാരണ ഇല്ലെങ്കിൽ അത് സത്യ മതത്തെ തെറ്റായ രീതിയിൽ മറ്റുള്ളവർ മനസ്സിലാക്കാൻ ഇട വരുത്തുകയും അങ്ങനെ നമ്മൾ തെറ്റുകാരായി തീരുകയും ചെയ്യുന്നതാണ്.



മത വിജ്ഞാനം കരസ്ഥമാക്കൽ വളരെ ഏറെ പുണ്യമുള്ള കാര്യമാണ്, മുൻഗാമികൾ ആരാധനയെക്കാൾ പ്രാധാന്യം അറിവ് നേടുന്നതിന് നൽകിയിട്ടുണ്ട്, പൂർണ ചന്ദ്രൻ ഉദിക്കുന്ന രാത്രി മറ്റു നക്ഷത്രങ്ങളുടെ മേൽ ചന്ദ്രനുള്ള ശ്രേഷ്ഠത പോലെയാണ് നബി (സ) ആരാധനയിൽ മുഴുകി നിൽക്കുന്നവനെക്കാൾ അറിവുള്ളവർക്ക് നൽകിയിട്ടുള്ളത്. നബി (സ) യുടെ അനുചരന്മാരിൽ ഏറ്റവും താഴെ തട്ടിലുള്ള ഒരാളുടെ മേൽ നബിക്കുള്ള സ്ഥാനം പോലെയാണ് ആരാധനയിൽ മുഴുകി ജീവിക്കുന്നവനെക്കാൾ അറിവുള്ള ആളുടെ മഹത്വം എന്ന് നബി (സ) പറഞ്ഞതായും കാണാൻ സാധിക്കും. അറിവുള്ളവർക്കും പണ്ഡിതന്മാര്ക്കും അവരുടെ സ്ഥാനവും കഴിവും നിമിത്തം  അള്ളാഹു ഉന്നതമായ സ്ഥാനമാണ് നൽകിയിട്ടുള്ളത്. അറിവുള്ളവരും അറിവില്ലാത്തവരും സമമാണോ എന്ന് ചോദിച്ചു കൊണ്ട് അവർ ഒരിക്കലും സമമല്ല എന്ന കാര്യം മനുഷ്യരെ അള്ളാഹു ഖുർആനിലൂടെ ബോധ്യപ്പെടുത്തുന്നുണ്ട്. മാത്രമല്ല അറിവുള്ളവരുടെ പദവികൾ അള്ളാഹു ഉയർത്തി കൊടുക്കുമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. അള്ളാഹു പറയുന്നു : "നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്‌". (58 :11 )

അല്ലാഹുവിന്റെ ഏകത്വത്തിന് അള്ളാഹുവും മലക്കുകളും സാക്‌ഷ്യം വഹിച്ചിരിക്കുന്നു എന്ന് പറഞ്ഞതിന്റെ കൂട്ടത്തിൽ അറിവുള്ളവരെയും അള്ളാഹു എടുത്തു പറഞ്ഞിരിക്കുന്നു. "താനല്ലാതെ ഒരു ദൈവവുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന് സാക്ഷികളാകുന്നു.)" (3:18) അറിവുള്ളവക്ക് അള്ളാഹു നൽകിയ മഹത്ത്വമാണ് ഇതിലൂടെ നമുക്ക് കാണാൻ കഴിയുന്നത്. അറിവുള്ളവർ മാത്രമേ അല്ലാഹുവെ ഭയപ്പെടുകയുള്ളൂ " അല്ലാഹുവെ ഭയപ്പെടുന്നത് അവന്‍റെ ദാസന്‍മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു". അല്ലാഹുവെ കുറിച്ച് മനസ്സിലാക്കുകയും അവനെ അറിയേണ്ട വിധത്തിൽ അറിയുകയും ചെയ്തവർക്കേ  ശരിയായ രൂപത്തിൽ അല്ലാഹുവിനെ ഭയപ്പെടാൻ സാധിക്കുകയുള്ളൂ. എന്ത് കൊണ്ട് അല്ലാഹുവിനെ ഭയപ്പെടണം എന്നുള്ള തിരിച്ചറിവ് അവർക്കാണ് ഉണ്ടായിരിക്കുക.  

അറിവ് അന്വേഷിച്ചു നടക്കുന്നവർക്ക് അവരുടെ സ്വർഗത്തിലേക്കുള്ള വഴി അള്ളാഹു എളുപ്പമാക്കി കൊടുക്കുമെന്ന് പ്രവാചകൻ (സ) പറഞ്ഞിരിക്കുന്നു, മാത്രമല്ല ആകാശ ഭൂമികളിലുള്ള സകലതും സമുദ്രത്തിൽ വസിക്കുന്ന മീനുകൾ വരെ അറിവ് അന്വേഷിച്ചു കൊണ്ടിരിക്കുന്നവർക്ക് വേണ്ടി പാപമോചനം തേടുമെന്നും നബി (സ) പഠിപ്പിക്കുന്നു. 

അറിവുള്ളവർ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്, എന്നാൽ പ്രവാചകന്മാർ ദീനാറോ ദിർഹമോ അല്ല  അനന്തരാവകാശമായി നൽകുന്നത് അറിവാണ് അവർ നൽകിയ അനന്തരാവകാശ സ്വത്ത്, അബൂ ഹുറൈറ (റ) ഒരിക്കൽ മദീനയിലെ അങ്ങാടിയിൽ കൂടി നടക്കുമ്പോൾ ഒരു സ്ഥലത്തു നിന്ന് വിളിച്ചു പറഞ്ഞു : അല്ലയോ അങ്ങാടി വാസികളെ; അവിടെ പള്ളിയിൽ നബി(സ) യുടെ അനന്തരാവകാശ സ്വത്ത് വീതം വെക്കുന്നു, നിങ്ങൾ നിങ്ങളുടെ ഓഹരി എടുക്കാൻ പോകാതെ ഇവിടെ നില്കുകയാണോ ? അങ്ങനെ അവർ പള്ളിയിലേക്ക് ദ്രിതിയിൽ പോവുകയും അബൂ ഹുറൈറ (റ) അവർ മടങ്ങി വരുന്നത് വരെ അവിടെ നിലയ്ക്കുകയും ചെയ്‌തു, അങ്ങനെ അവർ മടങ്ങി വന്നു പറഞ്ഞു അല്ലയോ അബൂ ഹുറൈറ ഞങ്ങൾ പള്ളിയിലേക്ക് ചെന്ന് അവിടെ പ്രവേശിച്ചു പക്ഷെ അവിടെ ഒന്നും വീതം വെക്കുന്നതായി ഞങ്ങൾ കണ്ടില്ല, അപ്പോൾ അദ്ദേഹം അവരോടു ചോദിച്ചു നിങ്ങൾ അവിടെ ആരെയും കണ്ടില്ലേ ? അവർ പറഞ്ഞു : അതെ, കുറച്ചാളുകൾ അവിടെ നമസ്കരിക്കുന്നതായും മറ്റ് ചിലർ അവിടെ ഖുർആൻ പാരായണം ചെയ്യുന്നതും കുറച്ചാളുകൾ ഹറാമിനെയും ഹലാലിനെയും കുറിച്ച് സംസാരിക്കുന്നതും ഞങ്ങൾ കണ്ടു. അപ്പോൾ അബൂ ഹുറൈറ (റ) അവർക്ക് മറുപടി കൊടുത്തു : അതാണ് മുഹമ്മദ് (സ) യുടെ അനന്തരാവകാശം. നബി (സ) യിലൂടെ കൈമാറപ്പെട്ട അറിവ് സ്വായത്തമാകുകയും അതിനനുസരിച്ചു കർമങ്ങൾ ചെയ്യുകയും ചെയ്യുന്നതിലൂടെ  പ്രവചനകന്മാരുടെ അനന്തരാവകാശ സ്വത്താണ് നമുക്ക് ലഭിക്കുന്നത് എന്ന് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.

അറിവ് ഇല്ലാതായാൽ അവിടെ ജഹാലത് (അറിവില്ലായ്മ) സ്ഥാനം പിടിക്കും, അറിവ് ഉയർത്തപ്പെട്ട് അജ്ഞത സ്ഥിരപ്പെട്ടാൽ അത് അന്ത്യ നാളിന്റെ അടയാളമായിട്ടാണ് പ്രവാചകൻ (സ) നമുക്ക് പഠിപ്പിച്ചു തന്നിട്ടുള്ളത്, അള്ളാഹു അവന്റെ അടിമകളിൽ നിന്ന് അറിവിനെ പിടിച്ചെടുത്തു കൊണ്ടല്ല അറിവ് ഉയർത്തപ്പെടുന്നത് മറിച്ചു അറിവുള്ള പണ്ഡിതന്മാരെ പിടിച്ചെടുത്തു കൊണ്ടാണ് അറിവ് ഉയർത്തപ്പെടുക അങ്ങനെ ഒരു പണ്ഡിതനും അവശേഷിക്കാത്ത വിധത്തിൽ അറിവിനെ അള്ളാഹു ഉയർത്തും, അപ്പോൾ ജനങ്ങൾ വിഡ്ഡികളെ നേതാക്കന്മാരാക്കുകയും അവരോടു മത കാര്യങ്ങൾ അന്വേഷിച്ചാൽ അവർക്ക് അറിവില്ലാതെ അവർ മത വിധി നൽകുകയും ചെയ്യും, അവർ സ്വയം പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും. അറിവുള്ള ആളുകൾ നഷ്ടപ്പെട്ടാൽ ഉണ്ടാകാൻ പോകുന്ന ദുരന്തമാണ് പ്രവാചകൻ (സ) നമുക്ക് വിശദീകരിച്ചു തരുന്നത്. മതത്തെ കുറിച്ച് ശരിയായ അറിവ് ഇല്ലാതായാൽ തോന്നുന്നതൊക്കെ ചെയ്യുകയും എവിടുന്നു എന്ത് കിട്ടിയാൽ അത് സ്വീകരിക്കുകയും അങ്ങനെ വഴിപിഴവിൽ അകപ്പെട്ട് കൊണ്ട് നരകത്തിൽ എത്തി ചേരുകയും ചെയ്യും.

ഇത്തരത്തിലുള്ള  ദുരന്തം നമ്മെ ബാധിക്കാതിരിക്കാൻ മതപരമായ അറിവ് ആർജ്ജിച്ചെടുക്കാനുള്ള ശ്രമങ്ങൾ നിരന്തരം നാം ചെയ്തു കൊണ്ടിരിക്കണം നമ്മുടെ കുടുംബത്തെ  അതിനു വേണ്ടി പ്രേരിപ്പിക്കുകയും നമ്മുടെ മക്കൾക്ക് ശരിയായ മത വിജ്ഞാനം ലഭിക്കുന്നു എന്ന് ഉറപ്പ്  വരുത്തുകയും ചെയ്യണം, ലോകത്തെ സർവ്വ ചരാചരങ്ങളുടെയും സൃഷ്ടാവായ അള്ളാഹു ആകാശത്തു നിന്നും ജിബ്‌രീൽ (അ) എന്ന മലക്ക് മുഖേന മനുഷ്യർക്ക് മാർഗ ദർശനം നൽകാൻ തിരഞ്ഞെടുക്കപ്പെട്ട അന്ത്യ പ്രവാചകൻ മുഹമ്മദ് നബി (സ) ക്കു വഹിയിലൂടെ (ദിവ്യ ബോധനം ) നൽകപ്പെട്ട അറിവാണ് തങ്ങൾ സ്വായത്തമാക്കുന്നത് എന്ന് തിരിച്ചറിയുമ്പോളാണ് മതപരമായ അറിവിന് പ്രാധാന്യം      നൽകാൻ നമുക്ക് സാധിക്കുകയുള്ളൂ. 

യഥാർത്ഥ അറിവ് നൽകി അനുഗ്രഹിക്കപ്പെട്ടവരുടെ കൂട്ടത്തിൽ അള്ളാഹു നമ്മെയെല്ലാം ഉൾപ്പെടുത്തുമാറാകട്ടെ.... ആമീൻ...

ഇസ്ലാം മതം ഗുണകാംക്ഷയാണ്



 ‏ "عَنْ تَمِيمٍ الدَّارِيِّ أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏"‏ الدِّينُ النَّصِيحَةُ ‏"‏ قُلْنَا لِمَنْ قَالَ ‏"‏ لِلَّهِ وَلِكِتَابِهِ وَلِرَسُولِهِ وَلأَئِمَّةِ الْمُسْلِمِينَ وَعَامَّتِهِمْ "‏

തമീമുദ്ധാരി (رضي الله عنه) വിൽ നിന്ന് നിവേദനം : നബി (صلى الله عليه وسلم) പറഞ്ഞു : മതം (ഇസ്ലാം മതം) ഗുണകാംക്ഷയാണ്, ഞങ്ങൾ ചോദിച്ചു ആരോടൊക്കെ ? നബി (صلى الله عليه وسلم)  പറഞ്ഞു അല്ലാഹുവിനോടും അവൻറെ വേദ ഗ്രന്ഥത്തോടും അവൻറെ ദൂതനോടും മുസ്ലിം  നേതാക്കളോടും അവരുടെ പൊതു സമൂഹത്തോടുമുള്ള (ഗുണകാംക്ഷയാണ്)

ഇസ്ലാം മതം ഗുണകാംക്ഷയാണ്

 ‏ "عَنْ تَمِيمٍ الدَّارِيِّ أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏"‏ الدِّينُ النَّصِيحَةُ ‏"‏ قُلْنَا لِمَنْ قَ...